എരുമപ്പെട്ടി: പഴവൂരിൽ ആടുമോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ നാലുപേരാണു പിടിയിലായത്.
ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് സംഭവം. അറവുശാല നടത്തുന്ന സാദിഖിന്റെ ഫാമിൽനിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്. വാഹനത്തിൽ ആടുകളെ കയറ്റുന്നതിനിടയിൽ ശബ്ദംകേട്ട അയൽവാസി വാഹനംതടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ തൊട്ടടുത്തുള്ള വനത്തിലേക്കുകയറി.
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ പുലർച്ചെ അഞ്ചോടെയാണ് ഇവരെ കണ്ടെത്തിയത്. മദ്യപിച്ച് ബോധംനഷ്ടപ്പെട്ട നിലയിൽ വനത്തിലെ പാറക്കൂട്ടത്തിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നു പ്രതികൾ. തുടർന്ന് എരുമപ്പെട്ടി പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.